ഭദ്രദീപം കൊളുത്തി ജീത്തു ജോസഫും ലിൻഡയും, ചിത്രീകരണത്തിന് തുടക്കം
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയായ 'വലതുവശത്തെ കള്ളൻ' പൂജ ഇടപ്പള്ളി ത്രീ ഡോട്സ് സ്റ്റുഡിയോയിൽ നടന്നു. ജീത്തു ജോസഫും ഭാര്യ ലിൻഡയും ചേർന്ന് ഭദ്രദീപം കൊളുത്തി. നടൻ ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇന്ന് തുടക്കം കുറിച്ചു. നിർമ്മാതാവ് ഷാജി നടേശൻ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. തിരക്കഥയുടെ പൂർണ്ണരൂപം ചടങ്ങിൽ ഡിനു തോമസിൽ നിന്ന് സംവിധായകൻ ജീത്തു ജോസഫും നിർമ്മാതാവ് ഷാജി നടേശനും ചേർന്ന് ഏറ്റുവാങ്ങി.
ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ലഭിച്ചിരിക്കുന്ന സൂചനകൾ. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന് നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരുന്നത്.
ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു മേശയിൽ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റിൽ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം.