മുതിർന്ന ചലച്ചിത്ര മാധ്യമ പ്രവർത്തകനും ഫെഫ്ക പി ആർ ഒ യൂണിയൻ അംഗവും സിനിമാ പി ആർ ഒ യുമായ പി ആർ സുമേരൻ എഴുതുന്നു
നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജരെ മർദ്ദിച്ചെന്ന ആരോപണത്തെത്തുടർന്ന് ഉണ്ണിമുകുന്ദനെതിരെ ഉയരുന്ന മാധ്യമ വിചാരണയും സൈബർ ആക്രമണവും അംഗീകരിക്കാനാവില്ല. നരിവേട്ട എന്ന ചിത്രത്തിനെ അനുകൂലിച്ചും ടൊവിനോ തോമസിനെ പുകഴ്ത്തിയും സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടു എന്ന കാരണം കൊണ്ടുമാത്രം ഉണ്ണിമുകുന്ദൻ മുൻ മാനേജരെ അതിക്രൂരമായി മർദ്ദിച്ചു എന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ചില ഓൺലൈൻ മീഡിയയാണ് സംഭവം പുറത്തുവിടുകയും ഉണ്ണിമുകുന്ദനെതിരെ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ വാർത്തകളിൽ ഒന്നിലും തന്നെ ഉണ്ണി മുകുന്ദന്റെ ഭാഗം പരാമർശിച്ചു കണ്ടില്ല. മുൻ മാനേജർ തന്നെ മർദ്ദിച്ചു എന്ന ആരോപണവും പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയുടെയും അടിസ്ഥാനത്തിൽ ഇത്രയും നീചമായ രീതിയിൽ ഉണ്ണി മുകുന്ദനെതിരെ വാർത്തകൾ പുറത്തുവിടുന്നത് മാധ്യമ നീതിയും നൈതീകതയുമല്ല. ഉണ്ണിമുകുന്ദൻ അകാരണമായി ആരെ മർദ്ദിച്ചാലും അയാൾക്കെതിരെ നിയമപരമായി കേസെടുക്കാനുള്ള പോലീസ് നിയമ സംവിധാനങ്ങൾ നമുക്കുണ്ട്. അല്ലാതെ ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിനോട് എങ്ങനെ യോജിപ്പിക്കാനാകും. ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അയാൾക്കെതിരെ നടപടി എടുക്കണം ആർക്കും ആരെയും മർദ്ദിക്കാനൊന്നും നിയമപരമായി അവകാശമില്ല. പക്ഷേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി ഉണ്ണി മുകുന്ദനെ സൈബർ ആക്രമണം നടത്തുന്നത് ശരിയല്ല. മർദ്ദിക്കപ്പെട്ടു എന്ന് പറയുന്ന വിപിൻ സിനിമയിലെ പി ആർ ഒ എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പക്ഷേ ഫെഫ്ക പി ആർ ഒ യൂണിയനിൽ അംഗമല്ല വിപിൻ. ഈ സാഹചര്യത്തിൽ പി ആർ ഒ എന്ന രീതിയിൽ വാർത്ത വിടുന്നതും ശരിയല്ല.
മലയാളസിനിമയിൽ കുറച്ചു കാലങ്ങളായി പേഴ്സണൽ പി ആർ വർക്കുകളും സിനിമാ പ്രമോഷനും നടത്തുന്ന ഒത്തിരി പേരുണ്ട്. അവരൊക്കെ തന്നെ താരങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനും ചെളി വാരിയെറിയാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയത്ത് താരങ്ങൾക്ക് അനുകൂലമായി ചീത്ത വിളിക്കാനും ഓശാന പാടാനുമൊക്കെ ഇവർ റെഡിയാണ്. മലയാളത്തിലെ ആർട്ടിസ്റ്റുകൾ തന്നെയാണ് പലപ്പോഴും ഇത്തരക്കാരെ വളർത്തിക്കൊണ്ടുവരുന്നതും പ്രോത്സാഹിപ്പിക്കുന്നതും. പി ആർ വർക്കിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്ത വിധം ഒരു മാഫിയാവൽക്കരണം സിനിമയിൽ വളർന്നുവരുന്നുണ്ട്. വരും കാലങ്ങളിൽ അതീവ ഗുരുതരമായി തന്നെ ഈ പ്രശ്നം മാറാൻ സാധ്യതയുണ്ട്. ആർക്കെതിരെ ഏത് തരത്തിലുള്ള ആരോപണവും ഉയർന്നുവന്നേക്കാം. ഇപ്പോൾ വന്നിട്ടുള്ള ഈ സംഭവത്തെ സമചിത്തതയോടെ മാധ്യമങ്ങൾ സമീപിച്ചാൽ നന്നായിരിക്കും. ഒരുപക്ഷേ ഇതൊരു പി ആർ വർക്കാണോ എന്ന് കൂടി സംശയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുന്നുണ്ട്. എന്തുതന്നെയായാലും തങ്ങൾക്ക് വേണ്ടി കയ്യടിക്കാനായി താരങ്ങൾ വിളിച്ചുകൂട്ടുന്നവരുടെ മേൽ ചെറിയൊരു ജാഗ്രതയും ശ്രദ്ധയും ഇനിയെങ്കിലും ഉണ്ടായേ തീരൂ.