മികച്ച ജനപ്രിയ ചിത്രം
72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തല ഉയർത്തി പ്രഭാസ് ചിത്രം 'കൽക്കി 2898 AD'. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ 'കൽക്കി 2898 AD' മികച്ച ജനപ്രിയ ചിത്രമായി. ഒരു സ്വപ്നം, ഒരു യാത്ര, സിനിമയുടെ ആഘോഷം. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു, എന്ന് എക്സിൽ കുറിച്ചു.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി. ഒന്നാം ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.
ജൂണ്‍ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകന് നാഗ് അശ്വിനൊപ്പം റുഥം സമര്, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണ നിർവ്വഹണം. അതേസമയം 2027-ൽ സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുകയുമാണ്. പിആർഒ: ആതിര ദിൽജിത്ത്.
